ഷാന്‍ വധക്കേസ്: പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കള്ളായിയില്‍, സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 09:09 PM  |  

Last Updated: 24th December 2021 09:09 PM  |   A+A-   |  

alappuzha shan murder case

ഉമേഷ്, സുരേഷ്

 

തൃശൂര്‍: എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച വരന്തരപ്പിള്ളി കള്ളായി സ്വദേശികള്‍ അറസ്റ്റില്‍. ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ്(49),  മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവരാണ് അറസ്റ്റിലായത്. 

സുരേഷിന്റെ കള്ളായിലെ ബന്ധു വീട്ടിലാണ് കേസിലെ 3 പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്. അറസ്റ്റിലായ ഉമേഷും ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ ആലപ്പുഴയിലെ ഷാന്‍ വധക്കേസ് അന്വേഷണ സംഘത്തിന് കൈമാറി.

നേരത്തെ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണാഞ്ചേരി സ്വദേശി അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, അനന്ത് എന്നിവരാണ് പിടിയിലായത്. ഷാന്‍ കൊലക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികള്‍ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. 

ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം നേരത്തെ പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച് നല്‍കിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാര്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി അറിയിച്ചു. 

അതിനിടെ ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ ഒളിവിലായ പ്രതികളെ തേടി പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു.  കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും പ്രതികള്‍ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം.