സഞ്ജിത്ത് കൊലപാതകം: നാലുപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 08:08 PM  |  

Last Updated: 24th December 2021 08:08 PM  |   A+A-   |  

sanjith murder case

സഞ്ജിത്ത് / ഫയല്‍

 

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഹമ്മദ് ഹാറൂണ്‍, നൗഫല്‍, ഇബ്രാഹിം മൗലവി, ഷംസീര്‍ എന്നി പ്രതികള്‍ക്കായാണ് കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നാലുപേരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൊലയാളി സംഘത്തിന് ആയുധം നല്‍കിയ ഒരാളെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യും.

ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ മാസം 15നു രാവിലെ ഒന്‍പതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. 

മൊബൈല്‍ ഫോണ്‍ തെളിവുകള്‍ പോലും ഇല്ലാതിരുന്ന സംഭവത്തില്‍ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൃത്യത്തിനു ശേഷം പ്രതികള്‍ കടന്നുകളഞ്ഞ കാര്‍ വഴിയില്‍ കേടായി. വാഹനം നന്നാക്കാന്‍ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പര്‍ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.