പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേര്‍ക്ക് ആക്രമണം; എസ്‌ഐയുടെ കാലൊടിഞ്ഞു; രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 02:39 PM  |  

Last Updated: 25th December 2021 03:23 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് ആക്രമണം. എസ്‌ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

പത്തനംതിട്ടയിലെ പന്തളം കുളനടയ്ക്ക് സമീപം മാന്തുകയിലാണ് സംഭവം. അതിരു തർക്കത്തെത്തുടർന്ന് വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. 

പരിക്കേറ്റ എസ്ഐ ​ഗോപൻ, സിവിൽപൊലീസ് ഓഫീസർ ബിജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസുകാരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മർദ്ദിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇവർ ക്രിസ്മസ് ആഘോഷത്തെത്തുടർന്നുള്ള മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 

മനുവും അയൽവാസിയും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞദിവസം ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനും ഇവരോട് സ്റ്റേഷനിലേക്ക് ചെല്ലാനും ആവശ്യപ്പെടാനാണ് പൊലീസുകാർ സ്ഥലത്തെത്തിയത്.