ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍; വരുമാനത്തിലും കുതിപ്പ്, 78.92 കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 05:49 PM  |  

Last Updated: 25th December 2021 05:49 PM  |   A+A-   |  

sabarimala pilgrimage

ഫയല്‍ ചിത്രം

 

പത്തനംതിട്ട:  മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്നത് കാരണം കഴിഞ്ഞവര്‍ഷം തീര്‍ഥാടകരുടെ എണ്ണം കുറവായിരുന്നു. ഇത്തവണ ഇതുവരെ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് 8.39 കോടിയാണു ലഭിച്ചത്. നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019 ല്‍ 156 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്.

നിയന്ത്രണങ്ങളിലെ ഇളവു കാരണം കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയതാണ് വരുമാനം വര്‍ധിക്കാന്‍ കാരണം. അരവണ വില്‍പ്പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തില്‍ 29.30 കോടി, അപ്പം വില്‍പ്പനയിലൂടെ 3.52 കോടി രൂപയും ലഭിച്ചു. കാണിക്കയായി ലഭിച്ച പണം ഭണ്ഡാരത്തില്‍ എണ്ണാനുണ്ട്. എണ്ണി തീരുമ്പോള്‍ വരുമാനം അല്‍പംകൂടി ഉയരും.

മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട വീണ്ടും തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല. 31 മുതല്‍ ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 11ന് എരുമേലി പേട്ടതുള്ളല്‍. അന്ന് രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും 14ന് വൈകിട്ട് 6.30ന് നടക്കും.