ക്രിസ്മസ് ആഘോഷത്തില്‍ ലോകം, തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി വിശ്വാസികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 06:47 AM  |  

Last Updated: 25th December 2021 06:47 AM  |   A+A-   |  

Malankara church Baselios Cleemis during the 'Thee Uzhalicha' ceremony at the St. Mary's church

തിരുവനന്തപുരം സെന്റ് മേരീസ് ചര്‍ച്ചില്‍ നടന്ന തീ ഉഴിച്ചില്‍ ചടങ്ങ്/ഫോട്ടോ: പിടിഐ


ലോകം ക്രിസ്മസ് ആഘോഷത്തിൽ. തിരുപ്പിറവിയുടെ ഓർമ പുതുക്കി സ്​നേഹത്തി‍ൻെറയും സമാധാനത്തി‍ൻെറയും പ്രത്യാശയുടെയും സന്ദേശവുമായി വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. 

പട്ടം സെന്റ് തോമസ് കതീഡ്രലിൽ ശുശ്രൂഷാ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുർബാനയിലും നിരവധി പേർ പങ്കാളികളായി. 

സമത്വവും സമാധാനവും ഐക്യവും പുലരട്ടെ

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ഏവ‍ർക്കും ക്രിസ്മസ് ആശംസകൾ നേർന്നു. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറയുന്നു. 

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ  പ്രചോദിപ്പിക്കുന്ന ക്രിസ്‌മസ്

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ് എന്നായിരുന്നു ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഏവരേയും തുല്യരായി കാണാനും അപരൻ്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിൻ്റെ അന്തസത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നൽകുന്നത്  'ഭൂമിയിൽ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവർണറുടെ സന്ദേശത്തിൽ പറയുന്നു.