'കുടുംബത്ത് കേറി നിരങ്ങുമെന്ന് ഭീഷണി വീഡിയോ'; പൊലീസിനെ വെല്ലുവിളിച്ച പ്രതികൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 03:05 PM  |  

Last Updated: 25th December 2021 03:05 PM  |   A+A-   |  

police CASE

പ്രതീകാത്മക ചിത്രം

 

കൊച്ചി:ജാമ്യത്തിലിറങ്ങിയ പ്രതികൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. കേസിൽ അഞ്ച് പേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.  യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികളായ ഇവർ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. 'പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങും' എന്ന സിനിമാ സംഭാഷണവും ചേർത്തായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. 

കഴിഞ്ഞ 12 ന് രാത്രി മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോഴാണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. സിനിമാ സംഭാഷണവും ചേർത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. 

സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി. യുവാക്കൾക്കെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.