തരൂര്‍ അല്ല കോണ്‍ഗ്രസ്; പാര്‍ട്ടിക്ക് വിധേയനായാല്‍ പാര്‍ട്ടിയിലുണ്ടാകും; മുന്നറിയിപ്പുമായി കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 01:32 PM  |  

Last Updated: 26th December 2021 02:20 PM  |   A+A-   |  

k sudhakaran

ഫയല്‍ ചിത്രം

 

കണ്ണുര്‍: ഒരേയൊരു ശശി തരൂരല്ല കോണ്‍ഗ്രസെന്ന് കെ സുധാകരന്‍. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനെങ്കില്‍ പാര്‍ട്ടിയിലുണ്ടാകുമെന്ന് സുധാകരന്‍ പറഞ്ഞു.കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ ശശി തരൂര്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. 

ഇക്കാര്യത്തില്‍ പാര്‍ട്ടി സുധാകരനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി എം.പിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണം. പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

പി.ടി തോമസിനെ പാര്‍ട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നല്‍കാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ട് പോകാനാകില്ല. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ത്തത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. നമ്മുടെ നാടിന്റെ പോക്ക് അങ്ങോട്ടാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങള്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസ്സാക്കുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.