സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമൈക്രോൺ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 08:51 PM  |  

Last Updated: 26th December 2021 08:51 PM  |   A+A-   |  

Omicron cases in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പുതിയ ഒമൈക്രോൺ പോസിറ്റീവ് കേസുകൾ കൂടി. എറണാകുളത്ത് 11, തിരുവനന്തപുരത്ത് ആറ്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം 57 ആയി. 

'എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം'

സംസ്ഥാനത്ത് കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാ​ഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി. എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. 

വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും അ​രോ​ഗ്യ മന്ത്രി വ്യക്തമാക്കി.