പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 08:09 AM  |  

Last Updated: 26th December 2021 08:09 AM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍.  ഫൈസല്‍ , റിയാസ് , ആഷിഖ് . നൗഫല്‍  എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ഇവരെ പോത്തന്‍കോട് പൊലീസിന് കൈമാറി.

യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 8.30 ന് ഭാര്യയെ ജോലിക്ക് വിട്ടിട്ട് തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയ്ക്കാണ് ആക്രമണം നേരിട്ടത്.

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ പിതാവിന്റെയും മകളുടെയും വാഹനത്തിന് കുറുകെ പിടിച്ച് അസഭ്യം പറഞ്ഞതിന് ശേഷം പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടിയുടെ ചെകിടത്ത് അടിച്ച് മുടിയില്‍ കുത്തി പിടിക്കുകയും ചെയ്തതിന് ശേഷം പിതാവിനെയും മകളെയും മര്‍ദ്ദിക്കുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.