ഷാന്‍ വധം പ്രതികാരം; രണ്ട് മാസം മുന്‍പ് ഗൂഢാലോചന; കൊല്ലാന്‍ നിയോഗിച്ചത് ഏഴംഗ സംഘത്തെ; റിമാന്‍ഡ് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 06:42 PM  |  

Last Updated: 26th December 2021 06:42 PM  |   A+A-   |  

shan_sdpi

ഫയല്‍ ചിത്രം

 

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്താന്‍ രണ്ട് മാസം മുന്‍പ് ആസൂത്രണം നടത്തിയതായി റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചേര്‍ത്തലയില്‍ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്താന്‍ ഏഴംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാണ്ട് മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. ഇന്ന് റിമാന്‍ഡ് ചെയ്ത മുഖ്യപ്രതികള്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ഷാനിനെ കൊല്ലാന്‍ നിയോഗിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

പട്ടണക്കാട്ടെ നന്ദു കൃഷ്ണയുടെ കൊലപാതകത്തിന് ശേഷമാണ് ഗൂഢാലോചന നടന്നത്. പട്ടണക്കാട്ടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടത് എസ്ഡിപിഐ നേതാക്കളായിരുന്നു. എസ്ഡിപിഐയുടെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ടുള്ള കൃത്യമായ പ്ലാനിങ് ആര്‍എസ്എസ് നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊല നടത്തിയ ശേഷം രക്ഷപ്പെടുന്നതടക്കമുള്ള കൃത്യമായ ആസൂത്രണം നടന്നു. രക്ഷപ്പെടുന്നതിന്റെ ഭാഗമായി കൊല നടത്തിയ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നു കളയാനും ഇതിന് സഹായം ചെയ്യാന്‍ തൃശൂര്‍ വരെ ആളുകളെ സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൊലയാളി സംഘം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 

കേസില്‍ 15ഓളം പ്രതികളുണ്ട്. ഇതില്‍ 12 പേരെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയ പ്രധാനപ്പെട്ട നേതാക്കളടക്കമുള്ളവര്‍ പിടിയിലാകാന്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.