'ധാര്‍മികതക്ക് നിരക്കാത്തത് ചെയ്യേണ്ടി വന്നു; ഇനി തെറ്റ് തുടരാന്‍ വയ്യ'; ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 08:11 PM  |  

Last Updated: 27th December 2021 08:11 PM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ / ഫയല്‍ ചിത്രം

 

കണ്ണൂര്‍: വിസി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മികതക്ക് നിരക്കാത്തത് ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു.

തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യ പ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. സര്‍വകലശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം 
സത്യവാങ്മൂലം നല്‍കിയിരുന്നു. സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തിയെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സിന്‍ഡിക്കേറ്റിനാണെങ്കിലും നാമനിര്‍ദേശത്തിനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരം നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവിലെ ചട്ടം മറികടന്നാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നേരിട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ അധികാരം വ്യക്തമാക്കുന്ന ചട്ടം കണ്ണൂര്‍ സര്‍വകലാശാല കഴിഞ്ഞയാഴ്ച ഭേദഗതി ചെയ്തിരുന്നു.

വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജി നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന് മുന്നിലുള്ളത്. സര്‍വകലാശാല വിസി നിയമനത്തിലും വരും ദിവസങ്ങളില്‍ ഗവര്‍ണര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കും.