സഹോദരന് എതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡന പരാതി; പൊലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 07:37 PM  |  

Last Updated: 27th December 2021 07:37 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

മലപ്പുറം: സഹോദരനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡന പരാതി വ്യാജമെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ചോദ്യംചെയ്തതിലുള്ള പ്രതികാരമാണ് വ്യാജ പരാതിയിലേക്ക് നയിച്ചത്. ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചത് സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു പരാതി. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം.

പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പരാതിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ കാരണമായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായാണ് സഹോദരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് ഇഷ്ടമാകാത്ത സഹോദരന്‍ പെണ്‍കുട്ടിയെ ശകാരിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. ഇതാണ് സഹോദരനെതിരെ വ്യാജ പീഡന പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്.