'മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ വേണ്ട, കേരളത്തില്‍ കെ റെയില്‍ വേണം';സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

പീപ്പിള്‍സ് ഡെമോക്രസിയില്‍ കിസാന്‍ സഭാ നേതാവ് അശോക് ധാവ്‌ലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായപ്പോള്‍/ഫെയ്‌സ്ബുക്ക്‌
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായപ്പോള്‍/ഫെയ്‌സ്ബുക്ക്‌

പത്തനംതിട്ട: കെ റെയില്‍ പദ്ധതിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ദേശീയ നിലപാട് കേരളം ദുര്‍ബലപ്പെടുത്തിയെന്നും വിമര്‍ശനമുണ്ടായി.

പീപ്പിള്‍സ് ഡെമോക്രസിയില്‍ കിസാന്‍ സഭാ നേതാവ് അശോക് ധാവ്‌ലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ആ പാര്‍ട്ടി കേരളത്തിലെത്തുമ്പോള്‍ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണക്കുന്നുവെന്നാണ് വിമര്‍ശനം. 

വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്ന നിലപാടിനെതിരെയും വിമര്‍ശനമുണ്ടായി. 18 വയസിനെ പാര്‍ട്ടി പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോള്‍ ഈ നിലപാട് തിരിച്ചടിയാകുമെന്നും വിവിധ ഏരിയാ കമ്മിറ്റികളില്‍ നിന്നും വിമര്‍ശനമുണ്ടായി.

വിശദീകരണവുമായി നേരിട്ടിറങ്ങാന്‍ പിണറായി 

അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. ജില്ലാ തലത്തില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. ഈ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുക്കും. 
ഇതനുസരിച്ചുള്ള ആദ്യ യോഗം അടുത്ത മാസം നാലിന് തിരുവനന്തപുരത്ത് നടക്കും.

പദ്ധതിക്ക് ജനപിന്തുണ ലഭ്യമാക്കാന്‍ പ്രചാരണ പരിപാടികളുമായി ഇറങ്ങാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പൗരപ്രമുഖരുടെ യോഗം വിളിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ലഘുലേഖ തയാറാക്കിയിട്ടുണ്ട്. ഇത് വീടുവീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യും.

ലഘുലേഖയില്‍ പാര്‍ട്ടി നിരത്തുന്ന പ്രധാന വാദങ്ങള്‍ ഇങ്ങനെ: ''കെ റെയില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ മറ്റു പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രങ്ങളോ കെ റെയിലിനായി പൊളിച്ചുമാറ്റേണ്ടിവരില്ല. 9314 കെട്ടിടങ്ങള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ട വരിക. ഇവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും''

പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫ് -ബിജെപി -ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ട് ശ്രമിക്കുന്നുവെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com