എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ ഇന്നറിയാം; വിദ്യാഭ്യാസമന്ത്രി ഷെഡ്യൂൾ പ്രഖ്യാപിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 06:47 AM  |  

Last Updated: 27th December 2021 06:47 AM  |   A+A-   |  

sslc exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, രണ്ടാം വർഷ വിഎച്ച് എസ്ഇ പരീക്ഷാ തിയ്യതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കും. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പരീക്ഷ നടത്താനാണ് ആലോചന. മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. 

ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാ​ഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുക. കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ വൈകിത്തുടങ്ങിയതിനാലാണ് മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

പത്താം ക്ലാസുകാരുടെ പാഠഭാഗങ്ങൾ 75 ശതമാനത്തിലേറെ പഠിപ്പിച്ചു കഴിഞ്ഞിഞ്ഞെങ്കിലും ഹയർസെക്കന്ററി, വിഎച്ച്എസ്ഇ രണ്ടാം വർഷക്കാരുടെ പാഠഭാഗങ്ങൾ പകുതി പോലും പഠിപ്പിച്ചു തീർന്നിട്ടില്ല. ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാൽ രണ്ടാഴ്ചത്തോളം ക്ലാസ് ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ സമയത്തിനുള്ളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് അധ്യാപകർ പറയുന്നത്.