4000 രൂപയുമായി കടന്നു; ബാഗ് കാടിനടുത്തുള്ള വീട്ടില്‍; തിരച്ചിലിനൊടുവില്‍ കുട്ടികളെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2021 01:25 PM  |  

Last Updated: 28th December 2021 01:25 PM  |   A+A-   |  

forest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് പാണയത്തു നിന്നും കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി.  പാലോട് വനമേഖലയില്‍ നിന്നാണ് അവരെ കണ്ടെത്തിയത്. പാണയം സ്വദേശികളായ കുട്ടികളെയാണ് കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. 11, 13,14 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 9 മണി മുതലാണ് കാണാതായത്. രണ്ടുപേര്‍ ബന്ധുക്കളും ഒരാള്‍ അയല്‍വാസിയുമാണ്.

രാത്രി വൈകിയ വേളയിലും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന്  രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്ത് പോയ കുട്ടികളുടെ ബാഗുകള്‍ ഇന്ന് രാവിലെ പാലോട് വനമേഖലയോട് ചേര്‍ന്നുള്ള ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഇതിനെത്തുടർന്ന് ഇവർ വനത്തിലുണ്ടെന്ന നി​ഗമനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. കുട്ടികളെ വീട്ടിലെത്തിച്ചു. എന്നാല്‍ എന്തിനാണ് കുട്ടികള്‍ വീടുവിട്ട് പോയതെന്ന് വ്യക്തമായിട്ടില്ല. കാണാതായ കുട്ടികളില്‍ ഒരാള്‍ മുന്‍പും വീടുവിട്ട് പോയതായി റിപ്പോർട്ടുകളുണ്ട്.