തിരുവനന്തപുരത്ത് മദ്യപിച്ചെത്തി യുവാക്കള്‍ക്ക് നേരെ ആക്രമണം, വീടിന്റെ ചില്ലുകള്‍ തകര്‍ത്തു, വാതില്‍ വെട്ടിപ്പൊളിച്ചു; സംഘം പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2021 01:20 PM  |  

Last Updated: 28th December 2021 01:20 PM  |   A+A-   |  

goonda attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. പായ്ചിറ സ്വദേശികളായ വിഷ്ണു, ശബരി, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

ഞായറാഴ്ച രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡില്‍ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 

ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. വാതില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുണ്‍, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകര്‍ത്തത്.