ഇ എന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 29th December 2021 12:56 PM |
Last Updated: 29th December 2021 12:56 PM | A+A A- |

ഇ എന്‍ മോഹന്‍ദാസ് /ഫയല്‍ ചിത്രം
മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ദാസ് തുടരും. സെക്രട്ടറി പദത്തില്‍ മോഹന്‍ദാസിന് രണ്ടാമൂഴമാണ്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇ എന്‍ മോഹന്‍ദാസ് 2018ല്‍ പെരിന്തല്‍മണ്ണ ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്.
തിരൂരില്‍ ചേര്‍ന്ന സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ എട്ടുപുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. പുതുതായി ഡിവൈഎഫ്‌ഐ നേതാക്കളായ മുബഷീര്‍, ശ്യാമപ്രസാദ് തുടങ്ങിയവര്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു.
ജില്ലാ കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങള്‍
ഇവരെ കൂടാതെ, ഇ കെ ആയിഷ, ഇ സിന്ധു, എംപി അലവി, എ മജ്‌നു, ടി രവീന്ദ്രന്‍, ടി സത്യന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയ പുതുമുഖങ്ങള്‍. പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത വി ശശികുമാര്‍, പെരിന്തല്‍മണ്ണയിലെ സി ദിവാകരനും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന ഇവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇരുവരെയും വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.