ദിലീപിനെതിരെ വീണ്ടും അന്വേഷണം; സംവിധായകന്റെ വെളിപ്പെടുത്തലില്‍ പ്രോസിക്യൂഷന്‍ അപേക്ഷ കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2021 03:42 PM  |  

Last Updated: 29th December 2021 03:47 PM  |   A+A-   |  

DILEEP

ദിലീപ്, ഫയല്‍ ചിത്രം

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍.

ബാലചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് തുരന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് വിചാരണ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ ഇതുസംബന്ധിച്ച അപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിലെ നിലവിലുള്ള വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പുതിയ വെളിപ്പെടുത്തലുകളാണ്് പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് എങ്ങനെ ലഭിച്ചു എന്ന കാര്യം അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.