കൊരട്ടിയില്‍ ഭീതി പരത്തി കാട്ടുപോത്ത്; നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പിന്നാലെ, മയക്കുവെടി വെക്കാന്‍ നീക്കം (വീഡിയോ)

കൊരട്ടിയില്‍ ഭീതി പരത്തി കാട്ട് പോത്ത്. ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പോത്ത് നാട്ടുകാരേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും ഏറെ നേരം വലച്ചു
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


തൃശൂര്‍: കൊരട്ടിയില്‍ ഭീതി പരത്തി കാട്ട് പോത്ത്. ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പോത്ത് നാട്ടുകാരേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും ഏറെ നേരം വലച്ചു. ഇന്ന് രാവിലെ അടിച്ചില്ലി പുഷ്പഗിരി മേഖലയിലാണ് കാട്ട് പോത്തിനെ ആദ്യം കണ്ടത്. പിന്നീട് ഇവിടെ നിന്നും നീങ്ങി കൊരട്ടി കോന്നൂര്‍ മേഖല കടന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിലേക്ക് എത്തി. ഉച്ചയോടെ കൊരട്ടി ജംഗ്ഷന് സമീപത്തെ ജമുന നഗറിലെ ഒഴിഞ്ഞ പറമ്പിലേക്ക് കടന്നു. 

പറമ്പില്‍ നിലയുറപ്പിച്ച പോത്തിനെ മയക്ക് വെടി വെച്ച് വിഴ്ത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓര്‍ഡര്‍ ലഭിച്ചു.അതിരപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി ബി നിദിന്‍, അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ സി പി മക്‌സൂദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്  തേക്കടിയില്‍ നിന്നുള്ള ഫോറസ്റ്റ് ആര്‍ ആര്‍ ടി വിഭാഗം അഞ്ച് മണിയോടെ മയക്ക് വെടി വെക്കാന്‍ എത്തിച്ചേരും

കാട്ടിലേക്ക് കയറി, വീണ്ടും നാട്ടിലിറങ്ങി സഞ്ചാരം

കഴിഞ്ഞദിവസം മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. മൂക്കന്നൂര്‍ പഞ്ചായത്തിലെ എടലക്കാട്, കുട്ടാടം, ഒലിവ്മൗണ്ട് എന്നിവിടങ്ങളിലും ഈ കാട്ടുപോത്ത് എത്തിയിരുന്നു. ഇതേ കാട്ടുപോത്ത് തന്നെയാണ് കൊരട്ടിയിലും എത്തിയിരിക്കുന്നത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. 

മഞ്ഞപ്ര പുതുമനയിലും കൊല്ലക്കോടും എത്തിയ കാട്ടുപോത്ത് തിങ്കളാഴ്ച 11 നു കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനത്തിലേക്കു കയറിപ്പോയിരുന്നു. ഈ കാട്ടുപോത്ത് രാത്രിയായപ്പോള്‍ തിരികെയെത്തി. അയ്യമ്പുഴ പോട്ട ഭാഗത്ത് രാത്രി ഏഴരയോടെ പോത്തിനെ കണ്ടവരുണ്ട്. പോത്ത് ചുള്ളി വഴി വനാതിര്‍ത്തിയായ എടലക്കാട്, കുട്ടാടം, ഒലിവ്മൗണ്ട് എന്നിവിടങ്ങളില്‍ എത്തിയെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണു കുട്ടാടം എടലക്കാട് ഭാഗങ്ങളില്‍ പോത്ത് എത്തിയത്. പുരയിടങ്ങളിലും പറമ്പുകളിലും റബര്‍ തോട്ടങ്ങളിലും കയറി. നാട്ടുകാര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും പോത്ത് അക്രമകാരിയല്ലെന്നു കണ്ടതോടെ നാട്ടുകാര്‍ക്കു കൗതുകമായി.

ഓരോ പറമ്പിലും കയറുമ്പോഴും നാട്ടുകാരും പിന്നാലെ കൂടി. ഒച്ചവച്ചതോടെ പറമ്പുകളില്‍ നിന്നു പറമ്പുകളിലേക്കു മാറി സഞ്ചാരം തുടര്‍ന്നു.  വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും  ചേര്‍ന്ന് ഒച്ചവച്ചും പടക്കം പൊട്ടിച്ചും വെളളപ്പാറയില്‍ വനത്തിലേക്കു കയറ്റിവിട്ടു. ഈ പ്രദേശത്ത് കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യത്താല്‍ പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് കാട്ടുപോത്തിന്റെ ശല്യവും തുടങ്ങിയത്. കാട്ടുപോത്ത് അപൂര്‍വമായാണു നാട്ടിലിറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com