മന്ത്രിക്കെതിരായ രേഖകള്‍ നല്‍കുന്നില്ല; ഗവര്‍ണര്‍ തെറ്റു തിരുത്തണം: ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 03:36 PM  |  

Last Updated: 30th December 2021 03:36 PM  |   A+A-   |  

chennithala

രമേശ് ചെന്നിത്തല/ഫയല്‍


തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമന വിവാദത്തില്‍ ഗവര്‍ണറുടെ ഓഫീസ് രേഖകള്‍ നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകള്‍ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നതെന്ന് ചെന്നിത്തല പറഞ്ഞു

ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. കണ്ണൂര്‍ വിസി നിയമനത്തില്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാവുകയാണ് വേണ്ടത്. പകരം താന്‍ ചാന്‍സലര്‍ പദവിയില്‍ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാന്‍  മാത്രമേ സഹായിക്കു.-ചെന്നിത്തല പറഞ്ഞു.

നിയമസഭ പസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സര്‍വകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും. വിസി നിയമന കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവര്‍ണര്‍ നിരവധി തവണ പറഞ്ഞിട്ടും, കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെടണം. 

ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവണ്‍മെന്റിനും കുടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ അവസരമൊരുക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.