മകര വിളക്ക് തീർത്ഥാടനം; ശബരിമല നട തുറന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 07:26 PM  |  

Last Updated: 30th December 2021 07:26 PM  |   A+A-   |  

sabarimala pilgrimage

ഫയല്‍ചിത്രം

 

ശബരിമല: മകര വിളക്കു തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട‌ തുറന്നു. ഭസ്മാഭിഷക്തനായ അയ്യപ്പ സ്വാമിയുടെ പുണ്യ രൂപം ഭക്തർക്ക് ആനന്ദ ദർശനമായി. വെള്ളിയാഴ്ച മുതൽ തീർത്ഥാടകരുടെ വരവ് തുടങ്ങും. 

മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലർച്ചെ 4ന് നട തുറന്ന് നിർമാല്യത്തിനു ശേഷം അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് നെയ്യഭിഷേകം തുടങ്ങുക.

തന്ത്രി മഹാഗണപതി ഹോമത്തിലേക്ക് കടക്കുന്നതോടെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി അഭിഷേകം തുടരും. രാവിലെ 11.30വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ.

അഭിഷേകം ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് ആടിയ ശിഷ്ടം നെയ്യ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ എരുമേലി പേട്ടതുള്ളൽ 11ന് നടക്കും.

തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തിൽ നിന്നു പുറപ്പെടും. തീർഥാടനത്തിനു സമാപനം കുറിച്ച് 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും.