ലൈറ്റ് തെളിഞ്ഞപ്പോള്‍ ഒളിക്കാനായി ഓടിക്കയറി, ഇരട്ടക്കൊല നടത്തി സ്വര്‍ണവുമായി മടങ്ങി; റിപ്പര്‍ ജയാനന്ദന്‍ പൊലീസിനോട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 10:34 AM  |  

Last Updated: 30th December 2021 10:34 AM  |   A+A-   |  

Ripper Jayanandan

റിപ്പര്‍ ജയാനന്ദനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍/എക്‌സ്പ്രസ്‌

 

കൊച്ചി: പോണേക്കരയില്‍ ഇരട്ടക്കൊല നടത്തിയ റിപ്പര്‍ ജയാനന്ദന്‍ മോഷണത്തിനു ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വീട് ആയിരുന്നെന്ന് പൊലീസിനോടു വെളിപ്പെടുത്തി. കൊല ചെയ്യപ്പെട്ട നാണിക്കുട്ടി അമ്മാളും നാരായണ അയ്യരും താമസിച്ചിരുന്ന വീടിന് സമീപത്തെ വീട്ടില്‍ മോഷണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. അവിടേക്കു കയറിയപ്പോള്‍ പെട്ടെന്നു ലൈറ്റ് തെളിഞ്ഞതിനാല്‍ നാണിക്കുട്ടി അമ്മാളുടെ വീട്ടില്‍ കയറുകയായിരുന്നെന്ന് ജയാനന്ദന്‍ പറഞ്ഞു.

കരിക്കു കച്ചവടം നടത്തിയാണ് മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തിയിരുന്നത്. നോക്കിവച്ച വീട്ടില്‍ ലൈറ്റ് തെളിഞ്ഞപ്പോള്‍ ഓടി മതില്‍ ചാടിക്കടന്ന് ഈ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ ബള്‍ബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടില്‍ മറഞ്ഞിരുന്നത്. അടുത്ത വീട്ടില്‍നിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു. ആ സമയത്താണ് നാരായണ അയ്യര്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയത്. കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അയ്യരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി നാണിക്കുട്ടി അമ്മാള്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന ഇവരെയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്. ഇതിനു ശേഷം തെളിവു നശിപ്പിക്കാന്‍ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു സ്ഥലം വിട്ടത്. 

ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്‌
ഡിവൈഎസ്പി വൈആര്‍ റസ്തം പറഞ്ഞു. പ്രതിയെ, മജിസ്‌ട്രേട്ടിനു മുന്‍പാകെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.