രാഷ്ട്രപതിക്കു ഡിലിറ്റ് നല്‍കാന്‍ വിസമ്മതിച്ചോ? സര്‍ക്കാരിനു മുന്നില്‍ ആറു ചോദ്യങ്ങളുമായി ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2021 12:27 PM  |  

Last Updated: 31st December 2021 12:27 PM  |   A+A-   |  

ramesh_chennithala

രമേശ് ചെന്നിത്തല

 

കൊല്ലം: രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസമ്മതിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് കേരള സര്‍വകലാശാല നിരാകരിച്ചിരുന്നുവോയെന്നു വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

സര്‍ക്കാരിനു മുന്നില്‍ ആറു ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്. രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും നിരക്കാത്ത പലതും ഉണ്ടായി എന്നും അവ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഞ്ഞുമലയുടെ ഒരറ്റം മാത്രമേ ഗവര്‍ണറുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിട്ടുള്ളൂ. കൂടുതല്‍ വെളിപ്പെടുത്താന്‍ ഗവര്‍ണര്‍ തയാറാവണമെന്ന് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍:

1. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ്  നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ്? 

2. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിരാകരിച്ചിരുന്നോ? 

3. വൈസ് ചാന്‍സലര്‍, ഗവര്‍ണറുടെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍? 

4. ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?
 
5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണ്ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്? 

6. ഈ പട്ടികക്ക് ഇനിയും ഗവര്‍ണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?