റീ ഇന്‍ഫെക്ഷന് സാധ്യത കൂടുതൽ; അതിവേ​ഗം ഒമൈക്രോൺ പടരും; ആഘോഷം കരുതലോടെ വേണമെന്ന് ആരോ​ഗ്യമന്ത്രി

വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച്  വളരെ നിര്‍ണായകമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒമൈക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കടകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം. 

ഓഫീസുകൾ, തൊഴിലിടങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗത ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളിൽ അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതിവേ​ഗം പടരുന്ന വകഭേദമാണ്

ചുരുങ്ങിയ ദിവസം കൊണ്ടു വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമൈക്രോൺ. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അത് വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടുവാന്‍ സാധ്യതയുണ്ട്. 

റീ ഇന്‍ഫെക്ഷന് മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതൽ സാധ്യത

വാക്‌സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്.

അതീവ ജാഗ്രത പാലിക്കേണ്ടതാണ്

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. 

ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ 7 ദിവസം വീടുകളിൽ കഴിയുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോവുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വേണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com