കൊച്ചി: പറവൂരില്‍ വിസ്മയ (25) എന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജിത്തുവിനെ തിരിച്ചറിയാതെ അഭയകേന്ദ്രത്തിലാക്കിയതും പൊലീസ്. ബുധനാഴ്ച അര്‍ധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടക്കുന്നതു കണ്ട ജിത്തുവിനെ പിങ്ക് പൊലീസിന് പക്ഷെ ആളെ തിരിച്ചറിയാനായില്ല.
ലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പിങ്ക് പൊലീസ് തന്നെ തെരുവോരം മുരുകന്‍ നടത്തുന്ന ഷെല്‍റ്റര്‍ ഹോമില്‍ ആക്കുകയായിരുന്നു. പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെണ്‍കുട്ടിയെന്ന നിലയിലാണ് പുലര്‍ച്ചെ ഒന്നരയോടെ പൊലീസ് 'തെരുവു വെളിച്ചം' ഷെല്‍റ്റര്‍ ഹോമിലെത്തിച്ചത്.
തിരിച്ചറിയാൻ വേണ്ടി വന്നത് 15 മണിക്കൂർ
രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് ആളെ മനസ്സിലായില്ല. ഇതിനിടെ ജിത്തുവിനായി പൊലീസ് ജില്ലയിലാകെ വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. സംഭവം നടന്ന് 15 മണിക്കൂറിന് ശേഷമാണ് തങ്ങള്‍ തിരയുന്ന പെണ്‍കുട്ടിയെയാണ് അനാഥാലയത്തില്‍ എത്തിച്ചതെന്ന് മനസ്സിലാക്കുന്നത്. ഉച്ചയ്ക്കു ശേഷം പറവൂര്‍ പൊലീസിനാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. അവര്‍ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണില്‍ വിളിച്ച് ജിത്തുവിനെക്കുറിച്ച് അന്വേഷിച്ചു.
ബോയ്ഫ്രണ്ടിനൊപ്പം പോകണമെന്ന് നിർബന്ധം
വിസ്മയ കേസില്‍ അന്വേഷിക്കുന്ന പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ മുരുകനും സഹപ്രവര്‍ത്തകരും പെണ്‍കുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആണ്‍ സുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെണ്‍കുട്ടി മുരുകനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
എന്നാല്‍ മുരുകന്‍ യുവതിയെ ആശ്വസിപ്പിച്ചു സ്ഥാപനത്തില്‍ നിര്‍ത്തുകയായിരുന്നു. അതിനിടെ, സമീപ ഫ്‌ലാറ്റിലെ വീട്ടമ്മ അന്തേവാസികള്‍ക്കായി പായസം കൊണ്ടുവന്നു. ഈ പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂര്‍ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോള്‍ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാന്‍ പഴുതില്ലാതിരുന്നതിനാല്‍ പൊലീസിനൊപ്പം പോകുകയായിരുന്നു.
വഴക്കിനിടെ കുത്തിക്കൊന്നു
സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്ന് ജിത്തു പൊലീസിന് മൊഴി നല്‍കി. ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 28-ന് വൈകീട്ടാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളായ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം.
തീകൊളുത്തിയ ശേഷം പിൻവാതിൽ വഴി പുറത്തുകടന്നു
പെട്ടെന്ന് പ്രകോപിതയാകുന്ന ജിത്തുവിന്റെ കൈകൾ ബന്ധിച്ചാണ് മാതാപിതാക്കൾ പുറത്തുപോയത്. ഇതഴിച്ച് ജിത്തുവിനെ വിസ്മയ സ്വതന്ത്രയാക്കി. ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ പെട്ടെന്ന് പ്രകോപിതയായ ജിത്തു കത്തിയെടുത്ത് ചേച്ചിയെ കുത്തുകയുമായിരുന്നു. കുഴഞ്ഞുവീണ വിസ്മയ മരിച്ചെന്നാണ് ജിത്തു കരുതിയത്. തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം പിൻവശത്തുള്ള വാതിൽവഴി പുറത്തേക്ക് പോവുകയായിരുന്നുവെന്ന് ജിത്തു പൊലീസിനോട് പറഞ്ഞു. ജിത്തുവിന്റെ വലതുകൈയിലെ ചെറുവിരലും തൊട്ടടുത്ത വിരലും മുറിഞ്ഞ നിലയിലാണ്. ഇത് മരുന്നുവച്ച് ബാൻഡേജ് ചെയ്തിരുന്ന നിലയിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates