മദ്യ ലഹരിയിൽ ലക്കില്ലാതെ ഓട്ടം; കാർ ഇടിച്ചു കയറിയത് മൂന്ന് വാഹനങ്ങളിലേക്ക്; ബൈക്കിൽ പിന്തുടർന്ന യുവാവിന് ദാരുണാന്ത്യം

മദ്യ ലഹരിയിൽ ലക്കില്ലാതെ ഓട്ടം; കാർ ഇടിച്ചു കയറിയത് മൂന്ന് വാഹനങ്ങളിലേക്ക്; ബൈക്കിൽ പിന്തുടർന്ന യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കാൽ നടയാത്രക്കാരനേയും വാഹനങ്ങളിലും ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ കാറിനെ പിന്തുടരുന്നതിനിടെ അതേ കാർ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ പണിക്കർകളത്ത് അപ്പുക്കുട്ടന്റെ മകൻ രതീഷ് (പാപ്പു–22) ആണു മരിച്ചത്. 

അപകടത്തിൽ മൂന്ന് പേർക്കു പരിക്കേറ്റു. കാറിനെ പിന്തുടർന്നു ബൈക്കിലെത്തിയ ജിതിൻ (23), ടിപ്പർ ഡ്രൈവർ മൂർത്തി, മറ്റൊരു കാറിലുണ്ടായിരുന്ന സതീഷ് എന്നിവർക്കാണു പരിക്കേറ്റത്.

അപകടത്തിനിടയാക്കിയ കാർ എതിരെ വന്ന കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇടിച്ച ശേഷം യുവാവ് ഓടിച്ച ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതിനു പാറ– പൊള്ളാച്ചി സംസ്ഥാനാന്തര പാത നെയ്തലയിലാണ് അപകടം. 

ചെർപ്പുളശ്ശേരി സ്വദേശിയാണു അപകടമുണ്ടാക്കിയ കാർ ഓടിച്ചത്. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നു പൊലീസ് അറിയിച്ചു. കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറയിലെ ബാറിൽ നിന്ന് ഇറങ്ങിയ ഇയാൾ കാർ എടുത്ത ശേഷം ഇവിടെ പാർക്ക് ചെയ്ത ബൈക്കുകളും കാൽനട യാത്രക്കാരനേയും ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പായുകയായിരുന്നു.

അമിത വേഗത്തിൽ പാഞ്ഞ കാർ നാട്ടുകാരുടെ നിർദേശപ്രകാരം ബൈക്കിലുണ്ടായിരുന്ന യുവാക്കൾ പിന്തുടർന്നു. നെയ്തലയെത്തിയതോടെ കാർ പാലക്കാട്ടു നിന്നു പൊള്ളാച്ചിയിലേക്കു പോയ മറ്റൊരു കാറിലും ഇതിനു പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലും പിന്നീട് വലതു വശത്തുണ്ടായിരുന്ന ബൈക്കിലേക്കും ഇടിച്ചു കയറുകയായിരുന്നു. 

പിക്കപ്പ് വാൻ റോഡിലേക്കു തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നയാളുടെ പരിക്കു ഗുരുതരമല്ല. മരിച്ച രതീഷ് മീനാക്ഷിപുരം ഐടിഐയിലെ പഠനം പൂർത്തിയാക്കി തുടർ പഠനം കാത്തിരിക്കുകയാണ്. അമ്മ: പഞ്ചവർണം. സഹോദരങ്ങൾ: സതീഷ്, രാജേഷ്, സന്തോഷ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com