മലപ്പുറത്ത് കുതിരയോട്ട മത്സരം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തടിച്ചുകൂടിയത് ആയിരങ്ങൾ; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2021 08:43 AM |
Last Updated: 01st February 2021 08:43 AM | A+A A- |
മത്സരത്തിൽ നിന്ന്/ വീഡിയോ ദൃശ്യം
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മലപ്പുറത്ത് കുതിരയോട്ട മത്സരം. പ്രോട്ടോക്കോൾ ലംഘിച്ച് മത്സരം നടത്തിയതിന് ജില്ലാ ഹോഴ്സ് റൈഡേഴ്സ് കൂട്ടായ്മാ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. കൂട്ടിലങ്ങാടി എംഎസ്പി മൈതാനത്ത് മത്സരം കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. 200 പേർക്കു മാത്രം അനുവാദമുണ്ടായിരുന്നിടത്താണ് മുൻകരുതലുകൾ കാറ്റിൽപ്പറത്തി ജനക്കൂട്ടം എത്തിയത്.
ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന്റെ നിർദേശപ്രകാരം മലപ്പുറം സിഐ എ പ്രേംജിത്ത് നേരിട്ടെത്തി മത്സരങ്ങൾ നിർത്തിവയ്പ്പിക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു റൗണ്ട് മത്സരങ്ങളാണ് നടത്താനുദ്ദേശിച്ചിരുന്നതെങ്കിലും ആദ്യ റൗണ്ട് മത്സരം മാത്രം നടത്തി വിജയികളെ തിരഞ്ഞെടുത്തു.
ഇന്നലെ രാവിലെ മുതൽ തന്നെ കൂട്ടിലങ്ങാടി മൈതാനത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. അന്യ ജില്ലകളിൽ നിന്നുള്ളൾപ്പെടെ വാഹനങ്ങളിൽ ആളുകളെത്തിയതോടെ പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കൂട്ടിലങ്ങാടിയിലും കാവുങ്ങലിലും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കാതെ മത്സരം നടത്തിയതിന് സംഘാടക സമിതി ഭാരവാഹികളായ ആറ് പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.