ജെബി മേത്തര്‍ കളമശ്ശേരിയില്‍ ?; പിണറായിക്കെതിരെ ഷമ മുഹമ്മദ് ?; വനിതാ നേതാക്കളെ കളത്തിലിറക്കാന്‍ യുഡിഎഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2021 10:58 AM |
Last Updated: 01st February 2021 11:02 AM | A+A A- |
ജെബി മേത്തര്‍, ഡോ. ഷമ മുഹമ്മദ് / ഫയല്‍ ചിത്രം
കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്ത് പുതുമുഖ വനിതാ സ്ഥാനാര്‍ത്ഥികളെ അണിനിരത്താന്‍ യുഡിഎഫ് ആലോചിക്കുന്നു. എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്, കെപിസിസി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയുമായ ജെബി മേത്തര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ സോന തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
മലയാളിയും എഐസിസി വക്താവുമായ ഡോ. ഷമ മുഹമ്മദിനെ കണ്ണൂര്‍ ജില്ലയിലാണ് പരീക്ഷിക്കാന്‍ ആലോചിക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളാണ് സജീവ പരിഗണനയിലുള്ളത്. മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഡോ. ഷമ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാനും ഒരുക്കമാണെന്നും ഡോ. ഷമ സൂചിപ്പിച്ചിരുന്നു.
കെപിസിസി സെക്രട്ടറിയായ ജെബി മേത്തറിനെ കളമശ്ശേരിയിലാണ് പരിഗണിക്കുന്നത്. നിലവില്‍ മുസ്ലിം ലീഗിന്റെ സീറ്റാണ് കളമശ്ശേരി. മറ്റേതെങ്കിലും സീറ്റ് നല്‍കി, കളമശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ജെബി മേത്തര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെ ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണിക്കുന്നുണ്ട്.
നിഷയുടെ പിതാവ് ടി ജി പുരുഷോത്തമന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. ദീര്‍ഘകാലം ഇടുക്കി ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇതിനാല്‍ കോണ്‍ഗ്രസ് കുടുംബാംഗമായ നിഷയെ മല്‍സരിപ്പിക്കാനാണ് ആലോചന. നിലവില്‍ വൈദ്യുതി മന്ത്രി എം എം മണിയാണ് ഉടുമ്പന്‍ചോലയിലെ എംഎല്‍എ.
മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി ജനറല്‍ സെക്രട്ടറിയും കോട്ടയം നഗരസഭ മുന്‍ ചെയര്‍പേഴ്‌സണുമായ പി ആര്‍ സോന, അരൂരിലെ സിറ്റിങ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ വനിതാ നേതാക്കളെയാണ് മല്‍സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.