കരിപ്പൂര്‍ വിമാന അപകടം; രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2021 07:24 AM |
Last Updated: 01st February 2021 07:24 AM | A+A A- |

കരിപ്പൂർ വിമാന അപകടം/ ഫയൽ
കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം. കുട്ടിക്ക് തുക നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ട് വയസുകാരിയായ മകള്‍ക്കാണ് ഈ തുക ലഭിക്കുക. നഷ്ടപരിഹാരം എത്രയും വേഗം നല്‍കാന്‍ നിര്‍ദേശിച്ച് ജസ്റ്റിസ് എന്‍ നഗരേഷ് ഹര്‍ജി തീര്‍പ്പാക്കി.
ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു കാട്ടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ വിമാനത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.
അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജിക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് വയസുകാരിക്കു നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ ഹര്‍ജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു. രേഖകള്‍ സമര്‍പ്പിച്ചാല്‍ മറ്റുള്ളവരുടെ കാര്യത്തിലും തൃപ്തികരമായ തീരുമാനമുണ്ടായാല്‍ തര്‍ക്കത്തിനു കാര്യമില്ലെന്നു വിലയിരുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.