റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട കാർ അർധ രാത്രിയിൽ അജ്ഞാതർ കത്തിച്ചു; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2021 09:12 AM |
Last Updated: 01st February 2021 09:12 AM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട കാറിന് രാത്രിയിൽ അജ്ഞാതർ തീയിട്ടു. ഇടുക്കി ഇരുപതേക്കർ നെല്ലിക്കാട്ടിലാണ് സംഭവം. നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കത്തി നശിച്ചത്. കാർ ഇടിച്ചു പരിക്കേറ്റ നെല്ലിക്കാട് കുന്നുംപുറത്ത് അജി (42), നിത്യ (30), ആർ കണ്ണൻ (40), മൂലക്കട വാഴയിൽ സുധാകരൻ (55) എന്നിവർ അടിമാലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടം നടക്കുമ്പോൾ മണിയാണ് വാഹനം ഓടിച്ചിരുന്നത്. മണിയും അജിയും തമ്മിൽ മുൻപും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാരിൽ ചിലർ വാഹനം തല്ലിത്തകർക്കാൻ ശ്രമിച്ചിരുന്നു. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മണിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
സമീപത്തെ ഏലത്തോട്ടത്തിന് അരികെ നിർത്തിയിട്ടിരുന്ന കാർ അർധ രാത്രിയോടെ അജ്ഞാതർ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മനഃപൂർവം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരിക്കേറ്റവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് മണിക്കെതിരെ കേസ് എടുത്തതായി രാജാക്കാട് സിഐ എച്ച്എൽ ഹണി പറഞ്ഞു. വാഹനം കത്തിച്ച സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.