പഠിക്കാത്തതിന് മൂന്നാം ക്ലാസുകാരന്റെ കാലിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അച്ഛൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 07:32 AM |
Last Updated: 02nd February 2021 07:32 AM | A+A A- |
അറസ്റ്റിലായ ശ്രീകുമാർ
പത്തനംതിട്ട: എട്ട് വയസുകാരനെ കാലിൽ ചട്ടുകംവച്ച് പൊള്ളിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. പഠിക്കാത്തതിന്റെ പേരിലാണ് ഇയാൾ കുട്ടിയുടെ കാൽ ചട്ടുകംവച്ച് പൊള്ളിച്ചത്. പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ ശ്രീകുമാറിനെ (31) ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 30-നാണ് സംഭവം. ശ്രീകുമാർ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനോട് പാഠഭാഗങ്ങൾ പഠിക്കാൻ പറഞ്ഞിട്ട് പുറത്തേക്കു പോയി. വൈകീട്ട് തിരികെ വന്ന് പഠിച്ചോ എന്ന് അന്വേഷിച്ചപ്പോൾ പഠിച്ചില്ലെന്ന് കുട്ടി പറഞ്ഞു.
തുടർന്ന് ചട്ടുകം തീയിൽ ചൂടാക്കി കുട്ടിയുടെ കാലിൽ വയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട അമ്മ വിവരം മറ്റുള്ളവരുമായി പങ്കുവെച്ചു. തുടർന്ന് നാട്ടുകാർ ഗ്രാമപ്പഞ്ചായത്തംഗം വനേഷ് വഴി ചൈൽഡ് വെൽഫെയറിനെയും പൊലീസിനെയും അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മുൻപ് മൂന്ന് തവണ ഇയാൾ കുട്ടിയെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായി പൊലീസ് പറഞ്ഞു. അടൂർ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.