അയോധ്യ ക്ഷേത്ര നിര്‍മ്മാണം : ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ; രൂക്ഷ വിമര്‍ശനം, വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 11:37 AM |
Last Updated: 02nd February 2021 11:37 AM | A+A A- |
രഘുനാഥ പിള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്യുന്നു / സോഷ്യല്‍ മീഡിയ ചിത്രം
ആലപ്പുഴ: അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ T.G. രഘുനാഥ പിള്ള ആണ് രാമക്ഷേത്ര നിർമ്മാണ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം രഘുനാഥപിള്ള കടവില്‍ ക്ഷേത്രത്തില്‍ വച്ചാണ് ഫണ്ട് കൈമാറിയത്. ക്ഷേത്രമേല്‍ശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് എന്ന നിലയിലാണ് ഫണ്ട് കൈമാറ്റം ഉദാഘാടനം ചെയ്‌തെന്നാണ് രഘുനാഥ പിള്ള പറയുന്നത്. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് ഇത് വിവാദമാക്കുന്നതെന്നും രഘുനാഥപിള്ള ചൂണ്ടിക്കാട്ടി.
ആലപ്പുഴ ഡിസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവര്‍ത്തകര്‍ വിമര്‍ശനവുമായെത്തി. ജനുവരി 30 മുതല്‍ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്.