അമ്മിഞ്ഞപ്പാൽ മാധുര്യം പകരാൻ ബാങ്ക് വരുന്നു; കേരളത്തിൽ ആദ്യം 

അമ്മിഞ്ഞപ്പാൽ മാധുര്യം പകരാൻ ബാങ്ക് വരുന്നു; കേരളത്തിൽ ആദ്യം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ച മുലപ്പാൽ ബാങ്ക് ഈ മാസം അഞ്ചിനു വൈകീട്ട് മൂന്നിനു മന്ത്രി കെകെ ശൈലജ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അമ്മയുടെ മരണം, രോഗബാധ, മുലപ്പാലിന്റെ അപര്യാപ്തത എന്നിവ മൂലം ബുദ്ധിമുട്ടുന്ന നവജാത ശിശുക്കൾക്കു മുലപ്പാൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി.

ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കും.

ശേഖരിക്കുന്ന പാൽ ആറ് മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാം. പാസ്ചറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പിറ്റൽ ഗ്രേഡ് ബ്രെസ്റ്റ് പമ്പ്, റിവേഴ്സ് ഓസ്മോസിസ് (ആർഒ) പ്ലാന്റ്, അണുവിമുക്തമാക്കാനുള്ള ഉപകരണങ്ങൾ, കംപ്യൂട്ടർ സംവിധാനം എന്നിവ അടങ്ങുന്ന മുലപ്പാൽ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണു സ്ഥാപിച്ചത്.

ഐഎംഎയും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രീഷ്യൻസും (ഐഎപി) പരിശീലനം നൽകിയ നഴ്സുമാരെയാണു ബാങ്കിൽ നിയോഗിക്കുക. ആശുപത്രിയിൽ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യ വിവരങ്ങൾ ലഭ്യമായിട്ടുള്ളതുമായ അമ്മമാരിൽ നിന്നാണു മുലപ്പാൽ ശേഖരിക്കുകയെന്നു റോട്ടറി കൊച്ചിൻ ഗ്ലോബലിലെ ഡോ. പോൾ പറഞ്ഞു. 

പ്രതിവർഷം 600– 1000 കുഞ്ഞുങ്ങൾക്കു വരെ ജനറൽ ആശുപതിയിൽ തീവ്ര പരിചരണ ചികിത്സ വേണ്ടിവരാറുണ്ട്. മുലപ്പാൽ ബാങ്കിൽ നിന്നുള്ള പാൽ നൽകുന്നത് അവരുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. രാജ്യത്ത് 32 വർഷം മുൻപു തന്നെ മുലപ്പാൽ ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com