ശബരിമല ചര്‍ച്ച യുഡിഎഫ് തന്ത്രം; അതില്‍ വീഴാനില്ലെന്ന് സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 03:24 PM |
Last Updated: 02nd February 2021 03:24 PM | A+A A- |
ശബരിമല, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടെന്ന് സിപിഎം തീരുമാനം. ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. ശബരിമല വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ പൊതു ചര്‍ച്ച വേണ്ടെന്ന് നേതൃയോഗം വിലയിരുത്തി.
സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയില്‍ ഭക്തര്‍ക്കെതിരായ വിധിക്ക് കാരണമെന്നും, പുതുക്കിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകണമെന്നും യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി വിധി മറികടക്കാന്‍ ഭക്തര്‍ക്ക് അനുകൂലമായി നിയമനിര്‍മ്മാണം നടത്തണമെന്നും ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്നു.
എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മിനെക്കൊണ്ട് പ്രതികരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫിന്റെ ഈ നീക്കത്തില്‍ വീഴരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പൊതു ധാരണയിലെത്തുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി വിധിക്ക് അനുസരിച്ച് നിലപാട് എടുക്കുമെന്നാണ് സിപിഎം സ്വീകരിച്ചിട്ടുള്ള നയം. അതിനാല്‍ വിഷയത്തില്‍ മറുപടി നല്‍കേണ്ടതില്ല. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരാനും സിപിഎം യോഗത്തില്‍ ധാരണയിലെത്തി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ് ശബരിമലയില്‍ ഭക്തര്‍ക്കെതിരായ, ആചാരലംഘനത്തിന് ഇടയാക്കിയ വിധി ഉണ്ടായതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വിശ്വാസ സംരക്ഷണത്തിന് ഉതകുന്ന സത്യവാങ്മൂലമാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്. ഇത് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചതാണ് തിരിച്ചടിക്ക് കാരണമായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആചാരസംരക്ഷണത്തിന് അനുകൂലമായ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.