നിയമം തെറ്റിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പ് ഫോട്ടോ എടുക്കും, തടഞ്ഞാല്‍ കുറ്റകരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 08:34 AM |
Last Updated: 02nd February 2021 08:34 AM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ പകർത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഇ-ചെല്ലാൻ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തിൽ ഫോട്ടോ പകർത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചിരിക്കുന്നന്നത്.
വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ലഭിക്കുന്ന വിധത്തിൽ ചിത്രം എടുത്താൽ മാത്രമെ നിയമലംഘനം നടത്തിയതിന് ഇ-ചെല്ലാൻ സംവിധാനം വഴി പിഴ ചുമത്താൻ കഴിയുകയുള്ളു. അതിനാൽ ഫോട്ടോ എടുക്കുന്നത് പരിശോധനയുടെ ഭാഗമാണ്. ഫോട്ടോ പകർത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും അവരെ തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നുമാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്.
പൊലീസ്, മോട്ടോർ വാഹന വകുപ്പുകളാണ് നിലവിൽ ഇ-ചെല്ലാൻ സംവിധാനം ഉപയോഗിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഇ-ചെല്ലാനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താൽ ഉടൻ തന്നെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി വാഹൻ-സാരഥി വെബ് സൈറ്റിൽ ചേർക്കും. പിഴ ചുമത്തിയതു സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയ്ക്ക് എസ്എംഎസ് ലഭിക്കുകയും ചെയ്യും.
അടുത്തിടെ വൈക്കത്ത് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് മോട്ടോർവാഹന വകുപ്പ് തടഞ്ഞതും ചിത്രങ്ങൾ പകർത്തിയതും വിവാദം സൃഷ്ടിച്ചിരുന്നു. പിൻസീറ്റിലിരുന്ന യുവതി ഹെൽമറ്റ് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ബൈക്ക് തടഞ്ഞത്. ഗതാഗതനിയമലംഘനം ബോധ്യപ്പെട്ടതോടെ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാൽ ഇത് വലിയ തർക്കങ്ങൾക്കാണ് വഴി വച്ചത്.