മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വൈദ്യുതി എത്തി, 21 വര്‍ഷത്തിന് ശേഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 07:13 AM |
Last Updated: 02nd February 2021 07:13 AM | A+A A- |

ഫയല്‍ ചിത്രം
കുമളി: 21 വർഷങ്ങൾക്കു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും വൈദ്യുതിയെത്തി. 1.65 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി. വള്ളക്കടവ് മുതൽ അണക്കെട്ട് വരെയുള്ള 5.65 കിലോമീറ്ററിൽ കിടങ്ങ് തയ്യാറാക്കി കേബിൾ വലിച്ചാണ് അണക്കെട്ടിലേക്ക് വൈദ്യുതിയെത്തിച്ചത്.
വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി എംഎംമണി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇഎസ് ബിജിമോൾ എംഎൽഎ അധ്യക്ഷയായി. വനമേഖലയിലൂടെ കേബിൾ വലിക്കുന്നതിനായി കെഎസ്ഇബി വനംവകുപ്പിന് 13 ലക്ഷം രൂപയും നൽകി.
പെരിയാർ കടുവാ സങ്കേതത്തിലെ വൈദ്യുതിലൈനിൽ തട്ടി ആന ചരിഞ്ഞതോടെ 2000ലാണ് അണക്കെട്ടിലേക്കുള്ള വൈദ്യുതിവിതരണം നിർത്തിവെച്ചത്. അണക്കെട്ട്, ഗാലറി, ക്വാർട്ടേഴ്‌സ്, സ്പിൽവേ ഷട്ടറുകൾ എന്നിവിടങ്ങളിലേക്ക്, ജനറേറ്റർ ഉപയോഗിച്ചാണ് ഇതുവരെ വൈദ്യുതി നൽകിയിരുന്നത്.
വൈദ്യുതി കിട്ടാൻ വനംനിയമങ്ങൾ തടസ്സമായതോടെ തമിഴ്‌നാട് കോടതിയെ സമീപിക്കുകയും, 2001-ൽ ഭൂമിക്കടിയിലൂടെ കേബിളിട്ട് വൈദ്യുതി എത്തിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ, 2019-ലാണ് വനംവകുപ്പ് ഇതിന് അനുമതി നൽകിയത്. തുടർന്ന് പദ്ധതിക്കുള്ള 1.65 കോടി തമിഴ്നാട് കെഎസ്ഇബിക്ക് അടച്ചു.