പിണറായി വിജയന്‍ ഓരോ ദിവസവും പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചു വരുന്നു; കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വ്യക്തമായ നയമില്ലെന്ന് മുരളീധരന്‍

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് വ്യക്തമായ നയമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
വി മുരളീധരന്‍
വി മുരളീധരന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് വ്യക്തമായ നയമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരാന്‍ കാരണമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മാസത്തിനുള്ളില്‍ വീണ്ടും കേന്ദ്രസംഘം എത്തുന്നത്. നിലവില്‍ കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിലാണ്. രാജ്യത്തെ 20 കോവിഡ് തീവ്ര ജില്ലകളില്‍ 12 ഉം കേരളത്തിലാണ്. കേരള സര്‍ക്കാര്‍ കോവിഡിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് മുരളീധരന്‍ പറഞ്ഞു.

കോവിഡ് സംസ്ഥാനത്ത്് റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് തൊട്ടുമുന്‍പ് കോവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരളത്തെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്തത്. ആദ്യം യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. പിന്നീട് അമേരിക്കയായി. ഇപ്പോള്‍ സ്്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. പിണറായി വിജയന്‍ ഓരോ ദിവസവും പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചു വരികയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവയുമായാണ് കേരളത്തെ താരതമ്യം ചെയ്യേണ്ടത് എന്നും മുരളീധരന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ കൃത്യമായ വ്യക്തതയില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ആന്റിജന്‍ ടെസ്റ്റാണ് ഫലപ്രദമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. പലയിടത്തും ആന്റിജന്‍ ടെസ്റ്റ് പോലും ഉപയോഗിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത് ഫലപ്രദമാണ് എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നയം തീരുമാനിക്കുന്നത് ആരാണ് എന്ന് മുരളീധരന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com