രണ്ടു വര്‍ഷത്തിന് ശേഷം രാജു നാരായണ സ്വാമി വീണ്ടും സര്‍വീസിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 05:08 PM |
Last Updated: 02nd February 2021 05:08 PM | A+A A- |

രാജു നാരായണ സ്വാമി (ഫയല്‍ ചിത്രം)
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം രാജു നാരായണ സ്വാമിയെ സര്‍വീസില്‍ തിരിച്ചെടുത്തു. പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷമാണ് രാജുനാരായണ സ്വാമിയെ സര്‍വീസില്‍ തിരിച്ചെടുത്തത്.
ആഴ്ചകള്‍ക്ക് മുന്‍പ് രാജുനാരായണ സ്വാമിയെ ഒഴിവാക്കി അതേ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥാനക്കയറ്റപ്പട്ടിക വകുപ്പുതല സ്ഥാനക്കയറ്റ സമിതിക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനം. ഡെപ്യൂട്ടേഷനില്‍ കേന്ദ്ര നാളീകേര ബോര്‍ഡിലില്‍ ജോലി ചെയ്യേവ, അവിടത്തെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് രാജുനാരായണ സ്വാമിയെ മാറ്റിയത്. അഴിമതിക്കാരായ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് തന്നെ മാറ്റാന്‍ കാരണമെന്ന് രാജുനാരായണ സ്വാമി ആരോപിച്ചിരുന്നു.
ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് നാളികേര വികസന ബോര്‍ഡിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2019 മാര്‍ച്ചില്‍ രാജുനാരായണ സ്വാമിയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിച്ചതായും സേവനത്തില്‍നിന്ന് വിടുതല്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ 1 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കാന്‍ രാജുനാരായണസ്വാമി തയാറായില്ല.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് ഉള്ളതിനാലാണ് സര്‍വീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നായിരുന്നു രാജുനാരായണ സ്വാമിയുടെ വാദം. കേസുകള്‍ തീര്‍ന്നതിനാലാണ് സര്‍വീസിലേക്കു മടങ്ങിവരുന്നത്.