'ഓരോ പദങ്ങള്‍ പ്രയോഗിക്കുന്നവരാണ് ആലോചിക്കേണ്ടത്' ; വിജയരാഘവനെ പിന്തുണയ്ക്കാതെ സിപിഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 11:59 AM |
Last Updated: 02nd February 2021 11:59 AM | A+A A- |
കാനം രാജേന്ദ്രന്‍/ ടെലിവിഷന്‍ ചിത്രം
കോട്ടയം : മുസ്ലിം ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണയ്ക്കാതെ സിപിഐ. അങ്ങനെ പറയണോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തോടു ചോദിക്കൂ. എന്താണ് ഉദ്ദേശിച്ചതെന്ന് വിജയരാഘവനോടാണ് ചോദിക്കേണ്ടത്. അത്തരം കാര്യങ്ങളൊന്നും ഇടതുമുന്നണിയെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ലെന്നും കാനം പറഞ്ഞു.
ഓരോരുത്തരും ഓരോ പദങ്ങള്‍ പ്രയോഗിക്കുന്നവര്‍, അവരാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍ഡിഎഫല്ല. തികച്ചും മതനിരപേക്ഷ നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും എല്ലാം രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്നത് ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. ഇതിന്റെ കൂടെ എല്‍ഡിഎഫിനെ കാണാന്‍ കഴിയില്ല.
കൃഷിക്കാരുടെ പ്രശ്‌നം, തൊഴിലാളികളുടെ പ്രശ്‌നം തുടങ്ങി സമൂഹത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പറയുകയാണ് രാഷ്ട്രീയത്തില്‍ ഏറെ ആവശ്യമായിട്ടുള്ളത്. എല്‍ഡിഎഫ് ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്ന്, ശബരിമല വിഷയം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ കാനം പ്രതികരിച്ചു. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകും. ജനങ്ങളെ കബളിപ്പിക്കാനാണ് ശബരിമല വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും കാനം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കിയത്. പിണറായി സര്‍ക്കാര്‍ ഇത് തിരുത്തി. എല്‍ഡിഎഫ് പഴയ നിലപാടിലേക്ക് പോയതേ ഉള്ളൂവെന്നും കാനം പറഞ്ഞു. എല്‍ഡിഎഫിന്റെ സീറ്റ് ചര്‍ച്ച ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ വരട്ടെ... അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.