ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാകും ?; ഉറച്ച സീറ്റ് തേടി സിപിഎം; മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഒഴിയുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 12:42 PM |
Last Updated: 02nd February 2021 12:42 PM | A+A A- |
ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം
തിരുവനന്തപുരം : നവകേരളം മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഉടന്‍ ഒഴിയുമെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം അറിയിച്ചത്.
നവകേരളം മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഉടന്‍ ഒഴിയും. സെക്രട്ടറിയേറ്റില്‍ നിന്നും എകെജി സെന്ററിലേക്ക് എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമാണ് ചെറിയാനുള്ളത്.
നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിലും ചെറിയാന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അടക്കം പരിഗണിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം അകന്നു പോകുകയായിരുന്നു. ദീര്‍ഘകാലമായി ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളുന്ന ചെറിയാന്‍ ഫിലിപ്പിനെ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്നാണ് സിപിഎം ആലോചന.
തിരുവനന്തപുരം ജില്ലയിലെ ഷുവര്‍ സീറ്റുകളിലൊന്നാണ് ചെറിയാനായി സിപിഎം നേതൃത്വം തേടുന്നത്. അതല്ലെങ്കില്‍ സമീപ ജില്ലകളിലെ വിജയസാധ്യതയുള്ള സീറ്റ് കണ്ടെത്താനാണ് സിപിഎം നീക്കം. നേരത്തെ ചെറിയാന്‍ ഫിലിപ്പ് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെയും മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.