ഇങ്ങനെയാണോ അവാര്‍ഡ് കൊടുക്കുന്നത് ?; പ്രതികരിച്ചത് സിനിമാതാരങ്ങളുടെ ആവശ്യപ്രകാരമെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 09:53 AM |
Last Updated: 03rd February 2021 09:53 AM | A+A A- |

രമേശ് ചെന്നിത്തല/ ഫയൽ ചിത്രം
കല്‍പ്പറ്റ : ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ മന്ത്രി എകെ ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ പ്രതികരിച്ചത് സിനിമാതാരങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ്. സിനിമാ താരങ്ങളാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അപമാനിച്ചു എന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. ഇങ്ങനെയാണോ അവാര്‍ഡ് കൊടുക്കുന്നത് എന്നും ചെന്നിത്തല ചോദിച്ചു.
മേശപ്പുറത്ത് അവാര്‍ഡ് വെച്ചിട്ട് നിങ്ങള്‍ വേണമെങ്കില്‍ എടുത്തുകൊണ്ടു പോകൂ എന്നു പറയുന്ന ധാര്‍ഷ്ട്യം കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 54 പേര്‍ക്ക് കൊടുക്കണമായിരുന്നു എങ്കില്‍ എന്തിനാണ് പരിപാടി സംഘടിപ്പിച്ചത്. അവാര്‍ഡ് ജേതാക്കളുടെ വീട്ടില്‍ പോസ്റ്റലായി പുരസ്‌കാരം അയച്ചുകൊടുത്താല്‍ പോരായിരുന്നോ. അല്ലെങ്കില്‍ പിആര്‍ഡിയിലെ ഉദ്യോഗസ്ഥര്‍ കൊണ്ടു കൊടുത്താല്‍ പോരേ. വിളിച്ചുവരുത്തി സിനിമാക്കാരെ അവഹേളിക്കേണ്ടായിരുന്നു.
ഐശ്വര്യകേരളയാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ചെന്നിത്തല പറഞ്ഞു. മാസ്‌കു ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ടുമാണ് യുഡിഎഫിന്റെ യാത്ര മുന്നോട്ടുപോകുന്നത്. ഞങ്ങള്‍ പരിപാടി നടത്തുമ്പോള്‍ മാത്രം എന്തിനാണ് പ്രോട്ടോക്കോള്‍ ലംഘനം ?. അത് കയ്യില്‍ വെച്ചാല്‍ മതി. ഭരണത്തിന്റെ അവസാന നാളുകളില്‍ ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനായി ഇറങ്ങിയ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.