എംവി ജയരാജന്‍ കോവിഡ് മുക്തനായി; തീവ്രപരിചരണ വിഭാഗത്തില്‍ തുടരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 09:49 PM |
Last Updated: 03rd February 2021 09:49 PM | A+A A- |

എംവി ജയരാജന്‍/ഫയല്‍
കണ്ണൂര്‍: കോവിഡ് ബാധിതനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം നേതാവ് എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതായും അധികൃതര്‍ അറിയിച്ചു.
സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇടവേളകളില്‍ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി യോഗം വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാല്‍ സിപാപ്പ് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഒഴിവാക്കി മിനിമം ഓക്‌സിജന്‍ സപ്പോര്‍ട്ട് തുടരാനും തീരുമാനിച്ചു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്.
അദ്ദേഹത്തിനിപ്പോള്‍ എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നല്‍കിത്തുടങ്ങി. എന്നാല്‍ കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ല. അതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കര്‍ശന നിരീക്ഷണം ആവശ്യമുള്ളതിനാല്‍ ജയരാജന്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി