രണ്ടുവട്ടം വിജയിച്ചവരും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരും വേണ്ട ; ഇളവ് അനിവാര്യമെങ്കില്‍ മാത്രം ; സിപിഎം പട്ടികയില്‍ അഞ്ചു മന്ത്രിമാരും 17 എംഎല്‍എമാരും പുറത്തേക്ക് ?

രണ്ടു ടേം നിബന്ധന കര്‍ശനമായി പാലിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എംഎല്‍എമാരും മല്‍സരരംഗത്തുണ്ടാകില്ല
പിണറായി വിജയൻ / ഫയൽ ചിത്രം
പിണറായി വിജയൻ / ഫയൽ ചിത്രം

തിരുവനന്തപുരം : രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ചവരെയും  പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരെയും സ്ഥാനാര്‍ത്ഥികളാക്കേണ്ടെന്ന് സിപിഎം. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡത്തില്‍ ധാരണയിലെത്തിയത്. വിജയസാധ്യതയ്ക്കായിരിക്കും പ്രധാന പരിഗണന. ഇതു കണക്കിലെടുത്ത് പ്രമുഖര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കര്‍ശനമാനദണ്ഡം സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മാനദണ്ഡങ്ങളില്‍ ഇളവ് ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മാത്രമാകും. പിണറായി വിജയന്‍, കെ കെ ശൈലജ അടക്കം ഏതാനും പ്രമുഖര്‍ക്ക് മാത്രമാകും ടേം നിബന്ധനയില്‍ ഇളവുണ്ടാകുക. സ്ഥാനാര്‍ത്ഥി നിര്‍ണയം ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം നടത്താനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. 

രണ്ടു ടേം നിബന്ധന കര്‍ശനമായി പാലിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എംഎല്‍എമാരും മല്‍സരരംഗത്തുണ്ടാകില്ല. അഞ്ചു മന്ത്രിമാരും രണ്ടോ അതില്‍ കൂടുതലോ തവണ മല്‍സരിച്ചവരാണ്. മന്ത്രിമാരായ തോമസ് ഐസക്, എ കെ ബാലന്‍ എന്നിവര്‍ നാല് തവണയും ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ മൂന്നും ടേമും തുടര്‍ച്ചയായി ജയിച്ചവരാണ്. തോമസ് ഐസക് രണ്ട് തവണ ആലപ്പുഴയിലും, രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചു.

എ കെ ബാലന്‍ രണ്ട് ടേം കുഴല്‍മന്ദത്ത് നിന്നും കഴിഞ്ഞ രണ്ട് തവണ തരൂരിലും ജയിച്ചു. ഇ പി ജയരാജന്‍ മട്ടന്നൂരില്‍ രണ്ട് ടേമായി. ജയരാജന്‍ ഇത്തവണ മല്‍സരിച്ചില്ലെങ്കില്‍ മന്ത്രി കെ കെ ശൈലജ കൂത്തുപറമ്പില്‍ നിന്നും മട്ടന്നൂരിലേക്ക് മാറിയേക്കും. മന്ത്രി രവീന്ദ്രനാഥ് രണ്ട് തവണ പുതുക്കാട് നിന്നും, അതിന് മുമ്പ് കൊടകരയില്‍ നിന്നും വിജയിച്ചിരുന്നു. 

എംഎല്‍എമാരില്‍ രാജു ഏബ്രഹാം തുടര്‍ച്ചയായി നാല് തവണ റാന്നിയില്‍ നിന്ന് വിജയിച്ചു. എ പ്രദീപ്കുമാര്‍(കോഴിക്കോട് നോര്‍ത്ത്), കെ വി അബ്ദുള്‍ഖാദര്‍(ഗുരുവായൂര്‍), ബി ഡി ദേവസ്സി(ചാലക്കുടി), അയിഷ പോറ്റി(കൊട്ടാരക്കര), എസ് രാജേന്ദ്രന്‍ (ദേവികുളം), എസ് ശര്‍മ്മ(വൈപ്പിന്‍) എന്നിവര്‍ മൂന്നു തവണ വിജയിച്ചു.

കെ കുഞ്ഞിരാമന്‍(ഉദുമ), ജയിംസ് മാത്യു(തളിപ്പറമ്പ്), ടി വി രാജേഷ്(കല്യാശ്ശേരി), സി കൃഷ്ണന്‍(പയ്യന്നൂര്‍), പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി), കെ ദാസന്‍(കൊയിലാണ്ടി), പി ശ്രീരാമകൃഷ്ണന്‍(പൊന്നാനി), സുരേഷ് കുറുപ്പ്(ഏറ്റുമാനൂര്‍), ആര്‍ രാജേഷ് (മാവേലിക്കര), ബി സത്യന്‍(ആറ്റിങ്ങല്‍) എന്നിവരും തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയവരാണ്. 

ഘടകകക്ഷികളുമായുള്ള സീറ്റ് വെച്ചുമാറല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആയശേഷം മാത്രമാകും നിലവില്‍ വിജയിച്ചവരില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com