കോവിഡ് കണ്ടെത്താന്‍ പൊലീസ് നായ്ക്കള്‍, രാജ്യത്തിലാദ്യം നടപ്പിലാക്കുക കേരളത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 08:51 AM |
Last Updated: 03rd February 2021 08:51 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കൾ. തൃശൂർ പൊലീസ് അക്കാദമിയാണ് ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുമായി എത്തുന്നത്.
കോവിഡ്, സ്ത്രീകളിലെ ബ്രെസ്റ്റ് കാൻസർ, കൊച്ചുകുട്ടികളിലുൾപ്പെടെ വ്യാപകമായ ബ്ളഡ് കാൻസർ തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനായി നായ്ക്കളെ പരിശീലിപ്പിക്കാൻ തൃശൂർ പൊലീസ് അക്കാഡമി സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കൾക്ക് രോഗനിർണയം സംബന്ധിച്ച പരിശീലനം നൽകും.
അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങൾ കണ്ടെത്താൻ നിലവിൽ ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് വിമാനത്താവളങ്ങളിലും മറ്റും രോഗബാധിതരായ യാത്രക്കാരെ കണ്ടെത്താൻ യുഎഇ, അമേരിക്ക, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നു.
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പണച്ചെലവില്ലാതെ കണ്ടെത്താനായി നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യത പൊലീസ് അക്കാഡമിയിൽ പരിശീലകരുടെയും ചുമതലക്കാരുടെയും ആലോചനയിലുണ്ടായിരുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെയാണ് രോഗനിയന്ത്രണത്തിന് നായ്ക്കളുടെ സേവനം ആവശ്യമാണെന്ന തോന്നൽ ശക്തമായത്.
സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അനുമതി തേടി കത്തയച്ചെങ്കിലും, ഇതുവരെയും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ല. കാൻസർ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയർപ്പിന്റെ ഗന്ധം മണത്താണ് രോഗമുള്ളവരെ കണ്ടെത്തുന്നത്.
ബ്രെസ്റ്റ് കാൻസർ ഉള്ള സ്ത്രീകളുടെ ബ്രേസിയറുകളിലെ വിയർപ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളിൽ നിന്നുള്ള വിയർപ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കൾക്ക് രോഗമുള്ളവരുടെ ഗന്ധം വേർതിരിച്ചറിയാനുള്ള പരിശീലനമാണ് നൽകുന്നത്. സ്രവങ്ങൾ മണത്തും രോഗമുള്ളവരെ കണ്ടെത്താമെന്ന അഭിപ്രായവും പരിശീലനത്തിനായി പരിഗണനയിലുണ്ട്.