വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം സ്മാര്‍ട്ട് കൂപ്പണ്‍; സപ്ലൈക്കോയില്‍ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം 

പ്രൈമറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും, അപ്പര്‍ പ്രൈമറിയിലെ കുട്ടികള്‍ക്ക് 500 രൂപയുടെ കൂപ്പണും ആണ് ലഭിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികകള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം സ്മാര്‍ട്ട് കൂപ്പണ്‍. 500 രൂപ വരെയുള്ള ഭക്ഷ്യ കൂപ്പണ്‍ ആണ് ലഭിക്കുക. വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് ഉച്ചഭക്ഷണം ലഭിക്കാത്ത സ്‌കൂൾ വിദ്യാർഥികൾക്കാണ്‌ ഭക്ഷണത്തിന് ആനുപാതികമായി, സ്മാർട്ട് കൂപ്പണുകളിലൂടെ ഭക്ഷ്യക്കിറ്റുകൾ ലഭ്യമാക്കുന്നത്.

2020 സെപ്റ്റംബര്‍ മുതല്‍ 21 മാര്‍ച്ച് വരെയുള്ള കാലയളവിലെ ഉച്ചഭക്ഷണത്തിന് പകരമായി ഭക്ഷ്യഭദ്രതാ അലവന്‍സ് കൂപ്പണുകള്‍ വിതരണം ചെയ്ത് അതിലെ തുകയ്ക്ക് തുല്യമായ അളവില്‍ സപ്ലൈകോ വില്‍പ്പനശാലയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ നല്‍കും. ഈ സ്മാര്‍ട്ട് കൂപ്പണ്‍ ഉപയോഗിച്ച് അടുത്തുള്ള സപ്ലൈക്കോ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. പ്രീപ്രൈമറി മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂപ്പണ്‍ ലഭിക്കുക. 

പ്രൈമറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും, അപ്പര്‍ പ്രൈമറിയിലെ കുട്ടികള്‍ക്ക് 500 രൂപയുടെ കൂപ്പണും ആണ് ലഭിക്കുക. കൂപ്പണ്‍ ലഭിക്കുന്നതിനായി രക്ഷിതാക്കള്‍ റേഷന്‍ കാര്‍ഡുമായി സ്‌കൂളില്‍ എത്തണം. 

റേഷന്‍ കാര്‍ഡ് നമ്പര്‍ കൂപ്പണില്‍ രേഖപ്പെടുത്തി നല്‍കും. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ വിലയും പാചകത്തിന്റെ ചെലവും രേഖപ്പെടുത്തിയ കൂപ്പണുകള്‍ തങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള സപ്ലൈകോ വില്പനശാലയിലേല്‍പ്പിച്ച് രക്ഷിതാക്കൾക്ക് സാധനങ്ങൾ വാങ്ങാം. 27 ലക്ഷം കുട്ടികള്‍ക്കാണ് കൂപ്പണ്‍ വഴി ഭക്ഷ്യധാന്യം ലഭിക്കുക. വിതരണം ആരംഭിക്കുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com