പശയും മുളകു പൊടിയും ചേര്‍ത്ത വെള്ളം മുഖത്തൊഴിച്ചു, പിന്നാലെ യുവാവിന് ക്രൂര മര്‍ദനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 07:44 AM |
Last Updated: 03rd February 2021 07:44 AM | A+A A- |
പ്രതീകാത്മക ചിത്രം
പൊന്നാനി: പശയും മുളകുപൊടിയും ചേർത്ത വെള്ളം മുഖത്തൊഴിച്ച് യുവാവിന് ക്രൂരമർദനം. പശ കണ്ണിൽ ഒട്ടിപ്പിടിച്ചതിനാൽ കണ്ണുതുറക്കാൻ പോലും കഴിയാതെ, ശരീരമാസകലം പരിക്കേറ്റ പൊന്നാനി കമാം വളവ് കീക്കാട്ടിൽ ജബ്ബാറിനെ(37)യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജബ്ബാർ. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിലെ ഒട്ടിപ്പിടിച്ച പശകൾ നീക്കം ചെയ്ത് കാഴ്ചശക്തി തിരിച്ച് കിട്ടിയത്. വീട്ടുസാധനങ്ങൾ വാങ്ങാൻ പോവുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം അക്രമം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
കമാംവളവിലെ വീടിനോടുചേർന്ന് ചെറിയ മിഠായിക്കട നടത്തുകയാണ് ജബ്ബാർ. ഇവിടെ നിന്നുള്ള വരുമാനത്തോടെയാണ് അസുഖ ബാധിതനായ മകനെയും കുടുംബത്തെയും നോക്കുന്നത്. ഇത് രണ്ടാം തവണയാണ് ജബ്ബാറിനു നേരെ ആക്രമണം നടക്കുന്നത്.
എട്ട് വയസ്സുള്ള മകന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഡോക്ടർ മരുന്ന് മാറി നൽകിയതാണെന്ന് ആരോപിച്ച് നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെത്തുടർന്നായിരുന്നു ആദ്യമർദനമെന്ന് ജബ്ബാർ പറയുന്നു. ഉന്തുവണ്ടിയിൽ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന ജബ്ബാറിന് നഗരസഭയും നാട്ടുകാരും കൈകോർത്താണ് മൂന്ന് വർഷം മുമ്പ് വീടിനോടുചേർന്ന് കച്ചവടം നടത്താനുള്ള സാഹചര്യം ഒരുക്കിയത്.