'സുനാമിയും ഗുജറാത്തും കത്തുവയും രോഹിത് വെമുലയുമെല്ലാം ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉല്‍സവങ്ങള്‍ മാത്രം'

പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്
കെടി ജലീല്‍ ഫയല്‍ചിത്രം
കെടി ജലീല്‍ ഫയല്‍ചിത്രം

മലപ്പുറം : കത്തുവ, ഉന്നാവോ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ടി പിരിച്ച തുക മുസ്ലിം യൂത്ത് ലീഗ് നേതാവ് വകമാറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. സുനാമിയും ഗുജറാത്തും കത്തുവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും  ഉല്‍സവങ്ങള്‍ മാത്രമാണ്. കത്തുവയിലെ ആസിഫയുടെ ആര്‍ത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 

പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്. മണിമാളികയും വിലപിടിച്ച കാറുമൊക്കെ ആര്‍ക്കുമാവാം. സ്വയം  അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്നേയുള്ളൂ. തന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍ഗോഡ് തിരുവനന്തപുരം 'കാല്‍നട വാഹന വിനോദ യാത്ര' ക്കുള്ള ചിലവു പോലും കണ്ടെത്തിയത് ആസിഫയെന്ന പിഞ്ചോമനയുടെ കണ്ണീര്‍ കണങ്ങളില്‍ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണ്! ജലീല്‍ കുറിച്ചു. 


ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന് : 

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന പഴമൊഴി ഒരിക്കല്‍കൂടി നമ്മുടെ കണ്‍മുന്നില്‍  പുലരുകയാണ്.
പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഇളമുറക്കാരനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ സാക്ഷ്യം മാത്രംമതി ഒരു ജന്‍മം വൃഥാവിലാവാന്‍. കത്വവയിലെ ആസിഫയുടെ  ആര്‍ത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍? മണിമാളികയും വിലപിടിച്ച കാറുമൊക്കെ ആര്‍ക്കുമാവാം. സ്വയം  അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്നേയുള്ളൂ. പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്.  

ഒരിക്കല്‍ മുസ്ലിംലീഗിന്റെ വാര്‍ഷിക കൗണ്‍സില്‍ ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കെ.എം സീതി സാഹിബ് അസ്വസ്ഥനായി കാണപ്പെട്ടുവത്രെ. വിവരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ചെവിയിലുമെത്തി. അദ്ദേഹം സീതി സാഹിബിനെ കാണാന്‍ ചെന്നു. ഇസ്മായില്‍ സാഹിബ് വിഷമത്തിന്റെ കാരണം തിരക്കി. സീതിസാഹിബ് നിറഞ്ഞ കണ്ണുകളോടെ ഖാഇദെമില്ലത്തിന്റെ നേര്‍ക്കുതിരിഞ്ഞ് പറഞ്ഞു: 'വാര്‍ഷിക കൗണ്‍സിലില്‍ വരവുചെലവുകള്‍ അവതരിപ്പിക്കാന്‍ കണക്കുകള്‍ ശരിയാക്കവെയാണ് ഒരു രൂപയുടെ വ്യത്യാസം എന്റെ ശ്രദ്ധയില്‍ പെട്ടത്. ഏതിനത്തിലാണ് ആ ഒരു രൂപ ചെലവാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല. കൗണ്‍സിലിനു മുന്നില്‍ ഞനെന്തു സമാധാനം പറയും? അതോര്‍ത്ത് എന്റെ മനസ്സ് നീറുകയാണ്'. ഇതുകേട്ട ഇസ്മായില്‍ സാഹിബ് സത്യസന്ധതയുടെ സ്വരൂപമായ തന്റെ സഹപ്രവര്‍ത്തകനെ കെട്ടിപ്പിടിച്ച് തേങ്ങിയത് ലീഗിന്റെ പുത്തന്‍ കോര്‍പ്പറേറ്റ് നേതത്വത്തിനും യൂത്ത്‌ലീഗിന്റെ മനശുദ്ധിയില്ലാത്ത യുവ സിങ്കങ്ങള്‍ക്കും കെട്ടുകഥകളായി തോന്നാം. പക്ഷെ, അതാണ് ലീഗിന്റെ യഥാര്‍ത്ഥ ചരിത്രം. 

സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും  ഉല്‍സവങ്ങള്‍ മാത്രമാണ്. ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിന്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാന്‍ ഒരു നേതാവിനെയും ആത്മാര്‍ത്ഥതയുള്ള ലീഗു പ്രവര്‍ത്തകര്‍ അനുവദിക്കരുത്. വേലയും കൂലിയുമില്ലാത്ത മൂത്തന്‍മാരും യൂത്തന്‍മാരും കൂറ്റന്‍ ബംഗ്ലാവുകള്‍ പണിയുമ്പോഴും വിലയേറിയ കാറുകളില്‍ മലര്‍ന്നുകിടന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും വന്‍ ബിസിനസ്സുകളുടെ അമരത്തിരുന്ന് ലക്ഷങ്ങള്‍ 'ഗുഡ് വില്‍' പറ്റി വിലസുമ്പോഴും ഇവയെല്ലാം സ്വന്തമാക്കാനുള്ള 'വക' എവിടെ നിന്നാണ് അത്തരക്കാര്‍ക്കൊക്കെ കിട്ടിയതെന്ന് ഇനിയെങ്കിലും സാധാരണ ലീഗുകാര്‍ ചോദിക്കാന്‍ തുടങ്ങണം. 

പിരിക്കലും മുക്കലും മുഖമുദ്രയാക്കുന്നതല്ല, അത്തരം ഗുരുതരമായ അരുതായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ കാലത്തെ ലീഗില്‍ തെറ്റെന്ന് യൂത്ത്‌ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ പാണക്കാട് മുഈനലി തങ്ങള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ഇരുപത് കൊല്ലത്തെ എന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ഇ.ഡി, പത്തു പൈസയുടെ പിശക് കണ്ടെത്താനാകാതെ അന്തംവിട്ട് നിന്നത്, ആ കനല്‍ ഇന്നും അകക്കാമ്പില്‍ എവിടെയൊക്കെയോ എരിയുന്നത് കൊണ്ടാണ്. എല്ലാ അപവാദ പ്രചാരകര്‍ക്കും കാലം കരുതിവെച്ച കാവ്യനീതി പുലരുന്നത് കാണാന്‍ ഇമ്മിണി വലിയ ചേലുണ്ട്! വെളിച്ചത്തിന് എന്തൊരു വെളിച്ചം!!! അല്ലേ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com