തടവുകാരനെ കാണാനെത്തിയ സന്ദർശകൻ ചെരുപ്പ് മാറിയതിൽ സംശയം, മുറിച്ചുനോക്കിയപ്പോൾ കണ്ടത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 08:23 AM |
Last Updated: 03rd February 2021 08:26 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്; ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് തടവുകാരനു കഞ്ചാവും സിഗരറ്റും കൈമാറിയ സന്ദർശകൻ പിടിയിൽ. ജയിൽ അധികൃതരുടെ പരാതിയിൽ മലപ്പുറം പൊന്നാനി കല്ലൂക്കാരൻ എ. സമീറിനെ (34) മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവു കടത്തിയ കേസിൽ മലമ്പുഴയിലെ ജില്ലാ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സമീർ എത്തിയത്. അതിനിടെ സമീർ ചെരുപ്പുമാറിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി ജയിൽ ഉദ്യോഗസ്ഥർ ചെരുപ്പു മുറിച്ചു പരിശോധിച്ചപ്പോഴാണു 600 ഗ്രാം കഞ്ചാവും 40 സിഗരറ്റും കണ്ടെത്തിയത്.
തടവുകാരെ കാണാനെത്തുമ്പോൾ സന്ദർശകരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി ജയിൽ ഉദ്യോഗസ്ഥർക്കു നൽകേണ്ടതുണ്ട്. ഇതു പരിശോധിച്ചാണു മലമ്പുഴ ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്നു സമീറിനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഞ്ചാവു കടത്തിയ കേസിൽ മുൻപും ഇയാളുടെ പേരിൽ കേസുണ്ട്.