പെട്രോളിയം, പാചകവാതകം വിലവര്‍ധനവിനെതിരെ ഫെബ്രുവരി ആറിന് എല്‍ഡിഎഫ് പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 05:14 PM |
Last Updated: 04th February 2021 05:14 PM | A+A A- |

പെട്രോള്‍ വില
തിരുവനന്തപുരം: പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് എല്‍ഡിഎഫ്. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വര്‍ദ്ധിപ്പിച്ചും കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനതയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്ക് കഴിയുകയുള്ളൂ. കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുമ്പോള്‍ ഒരിഞ്ചും മുന്നോട്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന നിഷ്ഠൂരതയാണ് മോദി സര്‍ക്കാരിന്റേത്. പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാന്‍ കേന്ദ്രം തയ്യാറായില്ല. 2021ല്‍ 35 ദിവസത്തിനുള്ളില്‍ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും ഇതേനിരക്കില്‍ വില വര്‍ദ്ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ദ്ധനവ് കുടുംബ ബജറ്റ് തകര്‍ക്കും.
ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരള ജനത മുന്നോട്ടുവരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.