ബിഡിജെഎസ് പിളര്‍ന്നു ; വിമത വിഭാഗം യുഡിഎഫിനൊപ്പം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 11:58 AM |
Last Updated: 04th February 2021 11:58 AM | A+A A- |
തുഷാര്‍ വെള്ളാപ്പള്ളി, ബിജെഎസ് / ടെലിവിഷന്‍ ചിത്രം
കൊച്ചി : എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു. എന്‍കെ നീലകണ്ഠന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ജനസേന ( ബിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പുതിയ പാര്‍ട്ടി യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.
എന്‍ കെ നീലകണ്ഠന്‍, വി ഗോപകുമാര്‍, കെ കെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിഡിജെഎസ് പിളര്‍ന്നത്. എന്‍കെ നീലകണ്ഠനാണ് ബിജെഎസിന്റെ പ്രസിഡന്റ്. വര്‍ക്കിംഗ് പ്രസിഡന്റായി ഗോപകുമാറിനെയും തെരഞ്ഞെടുത്തു.
യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും, യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും ബിജെഎസ് പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍ പറഞ്ഞു. എന്‍ഡിഎയില്‍ തുടര്‍ന്നപ്പോള്‍ കടുത്ത അവഗണനയാണ് നേരിട്ടത്. എന്‍ഡിഎ സംവിധാനം തന്നെ പ്രഹസനമാണ്.
ശബരിമല വിഷയത്തില്‍ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടു ചെയ്യാന്‍ ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് രഹസ്യനിര്‍ദേശം പോയിട്ടുണ്ടെന്നും ബിഡിജെഎസ് വിട്ട നേതാക്കള്‍ ആരോപിച്ചു.
ബിഡിജെഎസിലെ വിമത വിഭാഗം നേതാക്കളുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്താണ് ചര്‍ച്ച നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്കിടെ ബിജെഎസ് യുഡിഎഫിന്റെ ഭാഗമായേക്കും.